06:11pm 07 November 2026
NEWS
യഥാർഥ ഉടമ അറിയാതെ ഒരുകോടിയുടെ ഭൂമി കൈമാറ്റം! ‘വ്യാജ സ്ത്രീ’യെ ഇറക്കി രജിസ്ട്രേഷൻ; കേരള കോൺ​ഗ്രസ് നേതാക്കളടക്കം മൂന്നു പേർ പിടിയിൽ
15/09/2026  09:19 AM IST
nila
യഥാർഥ ഉടമ അറിയാതെ ഒരുകോടിയുടെ ഭൂമി കൈമാറ്റം! ‘വ്യാജ സ്ത്രീ’യെ ഇറക്കി രജിസ്ട്രേഷൻ; കേരള കോൺ​ഗ്രസ് നേതാക്കളടക്കം മൂന്നു പേർ പിടിയിൽ

തൊടുപുഴ: വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജരേഖകൾ തയ്യാറാക്കി ഉടമസ്ഥാവകാശം സ്വന്തമാക്കാൻ ശ്രമിച്ച കേസിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിലെ നേതാക്കളടക്കം മൂന്ന് പേർ അറസ്റ്റിൽ. കാഞ്ചിയാർ സ്വദേശികളായ ഡൊമിനിക് സാവിയോ (54), ജോസഫ് തോമസ് മറ്റപ്പള്ളിൽ (71), ജിജി ജോസഫ് (45) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

കട്ടപ്പന പേഴുംകവലയിലെ ഏകദേശം ഒരുകോടി രൂപ വിലമതിക്കുന്ന 37 സെന്റ് ഭൂമിയാണ് സംഘം തട്ടിയെടുക്കാൻ ശ്രമിച്ചത്. തമിഴ്നാട് സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയായിരുന്നു ഇത്. കാൽനൂറ്റാണ്ടായി ഉപയോഗിക്കാതെ കിടന്നിരുന്ന ഭൂമിയിലാണ് വ്യാജരേഖകളുമായി ഇടപാടിന് ശ്രമം നടന്നത്.

ഭൂമിയുടെ പേരിൽ വ്യാജ ആധാരവും സെയിൽ ലെറ്ററും തയ്യാറാക്കി. തുടർന്ന് ഇതിന്റെ അടിസ്ഥാനത്തിൽ പോക്കുവരവും നടത്തി. യഥാർഥ ഉടമയ്ക്ക് പകരം മറ്റൊരു സ്ത്രീയെ ഹാജരാക്കി ഭൂമി കൈമാറ്റം ചെയ്യാനുള്ള നീക്കവും നടന്നു.

തൊടുപുഴ കാരിക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ ജൂലൈ ആറിനായിരുന്നു ആദ്യ രജിസ്ട്രേഷൻ. ഭൂമി ജോസഫ് തോമസിന്റെ പേരിലേക്കാണ് മാറ്റിയത്. പിന്നീട് ജൂലൈ 17ന് ഇതേ ഭൂമി ജിജി ജോസഫിന്റെ പേരിലേക്കും ആധാരം ചെയ്തു.

ഭൂമി തങ്ങളുടെ പേരിലാക്കിയ ശേഷം പണയപ്പെടുത്തുകയോ വിൽക്കുകയോ ചെയ്ത് പണം വീതിച്ചെടുക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഇടപാട് പൂർത്തിയാകുന്നതിന് മുൻപേ തട്ടിപ്പ് പുറത്തായി.

ഭൂമി വിൽക്കുന്നതിന്റെ ഭാഗമായി ബാധ്യതാ സർട്ടിഫിക്കറ്റ് എടുത്തപ്പോഴാണ് യഥാർഥ ഉടമയ്ക്ക് ഭൂമി തന്റെ അറിവില്ലാതെ കൈമാറ്റം ചെയ്തതായി മനസ്സിലായത്. തുടർന്ന് ഓഗസ്റ്റ് 18ന് തൊടുപുഴ പൊലീസിൽ പരാതി നൽകി.

കേസിലെ പ്രതികളിൽ ഡൊമിനിക് സാവിയോ കേരള കോൺഗ്രസ് (ജെ) കാഞ്ചിയാർ മണ്ഡലം പ്രസിഡന്റും യു.ഡി.എഫ്. മണ്ഡലം ചെയർമാനും കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്. ജോസഫ് തോമസ് കേരള കോൺഗ്രസ് (ജെ) ജില്ലാ കമ്മിറ്റി അംഗമാണ്.

വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, സർക്കാർ രേഖ വ്യാജമായി നിർമിക്കൽ, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭൂമി രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച സ്ത്രീയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. വ്യാജരേഖകൾ തയ്യാറാക്കിയത് ആരാണ്, ഭൂമിയുടെ ഉടമസ്ഥാവകാശ വിവരങ്ങൾ എങ്ങനെ ശേഖരിച്ചു, രജിസ്ട്രേഷൻ നടപടികളിൽ മറ്റാർക്കെങ്കിലും പങ്കുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും കൂടുതൽ പ്രതികൾ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img